രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വിഭാഗങ്ങളിലുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ കാലാവധി നീട്ടിക്കിട്ടുന്നതിനായി അപേക്ഷിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 12-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാൽ യാത്രാ വിലക്കുകൾ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദർശകർക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി സെപ്റ്റംബർ 30 വരെ സ്വയമേവ പുതുക്കിക്കിട്ടുന്നതിനായി https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസത്തിലൂടെ അപേക്ഷിക്കാവുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ സേവനത്തിനായി പ്രത്യേക ഫീ ഒന്നും തന്നെ ഈടാക്കുന്നതല്ലെന്നും, തികച്ചും സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസം സന്ദർശിച്ച് തങ്ങളുടെ പാസ്സ്‌പോർട്ട് നമ്പർ, വിസ നമ്പർ, രാജ്യം, ഇമെയിൽ അഡ്രസ് മുതലായ വിവരങ്ങൾ നൽകിക്കൊണ്ട് ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.
നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി നേരിട്ടുള്ള പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) ജൂലൈ 20-ന് അറിയിച്ചിരുന്നു.