ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാൻ രാജ്യത്തേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 മാർച്ച് 5 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ നിയന്ത്രണങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയ സാഹചര്യത്തിലാണ് GACA ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക നിർദ്ദേശം GACA മാർച്ച് 6-ന് പുറപ്പെടുവിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർച്ച് 5 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം, രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ടും ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന (സൗദിയിൽ തുടരുന്ന കാലയളവിലേക്ക്) ഇൻഷുറൻസ് നിർബന്ധമാണെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്.