ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു. സൗദിയിലെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷയ്ക്കാണ് അധികൃതർ പ്രാധാന്യം കൽപ്പിക്കുന്നതെങ്കിലും, മൂന്ന് ഘട്ടങ്ങളിലായി ഉംറ തീർത്ഥാടനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള സാധ്യതകളെക്കുറിച്ച് മന്ത്രാലയം വിശകലനം ചെയ്തുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സൗദിയിൽ നിലവിൽ താമസിക്കുന്ന പൗരന്മാർക്കും, നിവാസികൾക്കും തീർത്ഥാടനം അനുവദിക്കുന്നതിനായുള്ള സാധ്യതകൾ മന്ത്രാലയം ആലോചിച്ച് വരികയാണ്. 40 ശതമാനം തീർത്ഥാടകർക്ക് അനുവാദം നൽകുന്ന രീതിയിലാണ് ആദ്യ ഘട്ടം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ 75 ശതമാനത്തിലേക്കും, മൂന്നാം ഘട്ടത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകർ ഉൾപ്പടെ 100 ശതമാനത്തിലേക്കും അനുവദനീയമായ തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നതാണ്.
വിവിധ ഘട്ടങ്ങളിലായി പുനരാരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതിക വിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉംറ തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രാദേശികമായും, ആഗോളതലത്തിലും സേവനങ്ങൾ വിപണനം ചെയ്യുന്നതിനും ഈ തീരുമാനം സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉംറ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ഒരു വിർച്യുൽ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സെപ്റ്റംബർ 21, തിങ്കളാഴ്ച്ച ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇത്തരം സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഓരോ വർഷവും ഉംറ തീർത്ഥാടനത്തിനായി എത്തുന്ന ഏതാണ്ട് 16 ദശലക്ഷം തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും, ആവശ്യമായ മികച്ച സേവനങ്ങളും നൽകുന്നതിന് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനുള്ള ഈ തീരുമാനം സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2030-ഓടെ ഏതാണ്ട് 30 ദശലക്ഷം തീർത്ഥാടകർക്ക് ഓരോ വർഷവും തീർത്ഥാടനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.