സൗദി: ഹജ്ജ്, ഉംറ വിസകളിലെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നതിന് 25000 റിയാൽ പിഴ ചുമത്തും

featured GCC News

രാജ്യത്തേക്ക് ഹജ്ജ്, ഉംറ വിസകളിൽ പ്രവേശിച്ച ശേഷം വിസ കാലാവധി കഴിഞ്ഞും തീർത്ഥാടകർ സൗദിയിൽ തുടരുന്ന സാഹചര്യത്തിൽ, ഇത്തരം തീർത്ഥാടകർക്ക് ഹജ്ജ് ഉംറ സേവനങ്ങൾ നൽകിയ സേവനദാതാക്കൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ താമസിക്കുന്ന ഓരോ തീർത്ഥാടകർക്കും 25000 റിയാൽ എന്ന രീതിയിലാണ് സേവനദാതാക്കൾക്ക് പിഴ ചുമത്തുന്നത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മക്കയിലെ ഡയറക്ടറെറ്റ് ഓഫ് പാസ്പോർട്സ് വിഭാഗം ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ അബ്ദുൽ റഹ്മാൻ അൽ ഖാതമിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദേശത്ത് നിന്ന് ഹജ്ജ്, ഉംറ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ തീർത്ഥാടനത്തിന് ശേഷം വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദിയിൽ നിന്ന് മടങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഹജ്ജ് ഉംറ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കായതിനാലാണ് അവർക്ക് പിഴ ചുമത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയ്ക്ക് ശേഷം തീർത്ഥാടകരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിസ നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിൽ ഹജ്ജ് ഉംറ സേവനങ്ങൾ നൽകുന്ന സേവനദാതാക്കൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.