സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു

GCC News

2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി. തീർത്ഥാടകരെയും, സന്ദർശകരെയും സ്വീകരിക്കുന്നതും, അവർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതും രാജ്യത്തെ ജനങ്ങളും, ഭരണാധികാരികളും വലിയ ബഹുമതിയായാണ് കണക്കിലാക്കുന്നതെന്ന് സൗദി മാധ്യമ വകുപ്പ് മന്ത്രി മജീദ് അൽ ഖസാബി അഭിപ്രായപ്പെട്ടു.

തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും, വിവിധ വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. ഹജ്ജ് തീർത്ഥാടനം സുഗമമായും, സുരക്ഷയോടെയും നിർവഹിക്കുന്നതിന് ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന രണ്ടാമത്തെ തീർത്ഥാടനമാണെന്നും, വൈറസിന്റെ വിവിധ വകഭേദങ്ങൾ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ഈ തീർത്ഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് 60000 ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തുന്ന രീതിയിൽ ഹജ്ജ് നടത്തുന്നതിന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യമായ എല്ലാ ആരോഗ്യ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ചൂണ്ടിക്കാട്ടി. അണുവിമുക്തമായ കുപ്പികളിൽ സംസം ജലത്തിന്റെ ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കുപ്പികൾ വിതരണം ചെയ്യുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന റോബോട്ടുകളുടെയും, സ്മാർട്ട് വാഹനങ്ങളുടെയും സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാൻഡ് മോസ്ക്കിലും, അവിടുത്തെ അങ്കണങ്ങളിലും തീർത്ഥാടകർക്ക് സഞ്ചരിക്കുന്നതിനായി 800-ൽ പരം വാഹനങ്ങൾ ലഭ്യമാക്കുമെന്നും, ഇവയിൽ ഇലക്ട്രിക്ക് വാഹനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാൻഡ് മോസ്ക്കും, അങ്കണങ്ങളും അണുവിമുക്തമാക്കുന്നതിന് 5000-ത്തോളം ജീവനക്കാരെ നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഗ്രാൻഡ് മോസ്കിൽ ദിനവും 10 തവണ വീതം അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കായി സാനിറ്റൈസറുകൾ, കുടകൾ മുതലായവയുടെ ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.