ഗൾഫുഡ് പ്രദർശനം ആരംഭിച്ചു; ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

featured GCC News

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം 2024 ഫെബ്രുവരി 19, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് 2024 സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനം 2024 ഫെബ്രുവരി 19 മുതൽ 23 വരെ നീണ്ട് നിൽക്കും. മേളയുടെ ഉദ്ഘാടന ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് 2024 വേദി സന്ദർശിച്ചു.

Source: Dubai Media Office.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

പ്രധാനപ്പെട്ട മേഖലകളിൽ ആഗോളതലത്തിൽ തന്നെ മികച്ച പങ്കാളിത്തങ്ങൾ ഉണ്ടാക്കുന്നതിലും, സാങ്കേതിക വിജ്ഞാനം കൈമാറുന്നതിലും യു എ ഇ വഹിക്കുന്ന സ്ഥാനത്തെ എടുത്ത് കാട്ടുന്നതാണ് ഗൾഫുഡ് 2024 എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. സുസ്ഥിരതയുള്ള സാമ്പത്തിക വളർച്ച, മനുഷ്യകുലത്തിന്റെ ക്ഷേമം എന്നിവ ലക്ഷ്യമിട്ട് കൊണ്ട് നൂതനമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന യു എ ഇ നയത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dubai Media Office.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 190 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.