രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ തൊഴിലുകൾ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള നിബന്ധനകൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കൂടുതൽ ലളിതമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും പൂർത്തിയാക്കണമെന്ന നിബന്ധന മന്ത്രാലയം ഒഴിവാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിൽ മന്ത്രാലയം ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഇത്തരം ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ഇത്തരത്തിൽ തൊഴിൽ മാറുന്ന ജീവനക്കാർ നിലവിലെ തൊഴിലുടമയിൽ നിന്ന് ഇത് സംബന്ധിച്ച അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥയിലാണ് മന്ത്രാലയം ഈ അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ നിതാഖാത് വ്യവസ്ഥകളിൽ വീഴ്ച്ച വരുത്തുന്ന തൊഴിൽ മാറ്റങ്ങൾക്ക് അനുമതി നൽകുന്നതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.