ജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു. 2023 ജനുവരി 18-ന് വൈകീട്ടാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം ഈ തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം നടപ്പിലാക്കുന്നതാണ്. ഇതിന്റെ രണ്ടാം ഘട്ടം ഈ തീരുമാനം പ്രഖ്യാപിച്ച് 12 മാസത്തിന് ശേഷമാണ് നടപ്പിലാക്കുന്നത്.
ഈ തീരുമാന പ്രകാരം, ജസാൻ പ്രദേശത്തെ ഫോട്ടോഗ്രാഫി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, അഡ്വെർടൈസിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ് എന്നിവയുടെ സർവീസ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഇതിന് പുറമെ റിസർവേഷൻ ഓഫീസുകൾ, വിവാഹ ഹാളുകളിലെ സൂപ്പർവൈസറി തസ്തികകൾ എന്നിവയിലും സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് MHRSD അറിയിച്ചിട്ടുണ്ട്.
ക്‌ളീനിംഗ്, അൺലോഡിങ്ങ് തൊഴിലുകളെ ഈ തീരുമാനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ ആകെ തൊഴിലാളികളുടെ ഇരുപത് ശതമാനത്തിൽ കൂടുതൽ ഇത്തരം തൊഴിലുകൾ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്. ഇത്തരം തൊഴിലാളികൾക്ക് പ്രത്യേക യൂണിഫോം നിർബന്ധമാണ്.
പാസഞ്ചർ ഫെറി സേവനങ്ങളുമായി ബന്ധപ്പെട്ട മറൈൻ എഞ്ചിനീയർ, ഷിപ്പ് സേഫ്റ്റി ടെക്നിഷ്യൻ, ഷിപ്പ് ട്രാഫിക് കൺട്രോളർ, നാവികൻ, നാവിഗേറ്റർ, സീ അറ്റൻഡന്റ്, ഒബ്സെർവർ മുതലായ തസ്തികകളിൽ അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് മാനേജർ, ഫിനാൻഷ്യൽ ക്ലർക്ക്, അക്കൗണ്ട്സ് ആൻഡ് ബഡ്ജറ്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ് മുതലായ തസ്തികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ MHRSD തീരുമാനിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.