സൗദി അറേബ്യ: മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ ജൂൺ മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

GCC News

മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ അടുത്ത ജൂൺ മാസം മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മദീനയിലെ വിവിധ തൊഴിൽ മേഖലകളിൽ നാല്പത് ശതമാനം മുതൽ നൂറ് ശതമാനം വരെ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് MHRSD തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ മന്ത്രാലയം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റെസ്റ്ററന്റുകൾ, പരിപാടികൾ നടത്തുന്ന ഹാളുകളിലെ അടുക്കളകൾ, ഫാസ്റ്റ് ഫുഡ് സ്റ്റോറുകൾ, ജ്യൂസ് ഷോപ്പുകൾ മുതലായ തൊഴിൽ മേഖലകളിൽ നാല്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ ഒരു ഷിഫ്റ്റിൽ നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്.

കഫെകളിലും, ഐസ്ക്രീം സ്റ്റോറുകളിലും പാനീയങ്ങളും, ഭക്ഷ്യവിഭവങ്ങളും നൽകുന്ന തൊഴിലുകളിൽ അമ്പത് ശതമാനം സ്വദേശിവത്കരണം ബാധകമാക്കുന്നതാണ്. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ പേർ തൊഴിലെടുക്കുന്ന ഇത്തരം ഇടങ്ങളിലാണ് അമ്പത് ശതമാനം സ്വദേശിവത്കരണം ബാധകമാക്കുന്നത്.

ഫാക്ടറികൾ, ഓഫീസുകൾ, ഹോസ്പിറ്റൽ, സ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാന്റീൻ/ കഫെറ്റീരിയ, കാറ്ററിംഗ് കോൺട്രാക്ടർമാർ, കാറ്ററിംഗ്, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട മൊത്തവ്യാപാര മേഖലകളിലും (ക്‌ളീനിംഗ്, അൺലോഡിങ്ങ് തൊഴിലുകൾ ഒഴികെ) അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.

മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രെസെന്ററ്റീവ് തൊഴിലുകളിലും നാല്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. അക്കൗണ്ടിംഗ് തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് സൂചന. മദീന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാകുന്നതാണ്.

Cover Image: Saudi Press Agency.