യു എ ഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 മുതൽ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ യു എ ഇ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും. 2023 ജനുവരി 10-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കൊപ്പം, മറ്റു വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള, ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം ബാഗുകൾക്കും (ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പടെ) യു എ ഇ വിലക്കേർപ്പെടുത്തുന്നതാണ്. ഇത്തരം ബാഗുകളുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാകുന്നതാണ്.

2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുഴുവൻ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് രാജ്യവ്യാപകമായി വിലക്കേർപ്പെടുത്താനും യു എ ഇ തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് അടപ്പുകൾ, പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിട്ടുള്ള കത്തി, മുള്ള്‌, സ്‌പൂണ്‍ മുതലായ ഉപകരണങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഭക്ഷണം നിറയ്ക്കുന്നതിനുള്ള പാത്രങ്ങൾ, സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പെട്ടികൾ മുതലായവയെല്ലാം ഈ തീരുമാണ് പ്രകാരം നിരോധിക്കുന്നതാണ്.

ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം, ഇറക്കുമതി, നിർമ്മാണം, വിതരണം, വ്യാപാരം എന്നിവയ്‌ക്കെല്ലാം ഈ നിരോധനം ബാധകമാകുന്നതാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച ‘2022/ 380’ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഈ നടപടികൾ. മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമുള്ള, റോളുകളിൽ വരുന്ന വളരെ നേർമ്മയേറിയ ബാഗുകളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ, യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതും, മറ്റുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തശേഷം വീണ്ടും കയറ്റുമതി ചെയ്യുന്നതുമായ ഇത്തരം ഉത്പന്നങ്ങളെയും (കയറ്റുമതി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്) ഈ വിലക്കിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

പ്രാദേശികമായി, പാഴ്‍വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം ചെയ്തിട്ടുള്ള (യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം) ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളെയും, ഉത്പന്നങ്ങളെയും ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രാദേശികമായി ഏതാനം എമിറേറ്റുകൾ ഇത്തരം തീരുമാനങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 2022 ജൂലൈ 1 മുതൽ ദുബായിൽ ഇത്തരം ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ഉപയോഗിക്കുന്ന, 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ 25 ഫിൽസ് ചാർജ്ജ് ഈടാക്കുന്നത്.

2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഉം അൽ കുവൈൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തുന്നതിനും, 2022 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽ‌സ് ഈടാക്കുന്നതിനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചിരുന്നു.

With inputs from WAM.