സൗദി: COVID-19 വൈറസ് വ്യാപനം തുടർന്നാൽ കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

featured GCC News

പൊതുജനങ്ങൾ ഉത്തരവാദിത്വ ബോധം പുലർത്തുന്നില്ലെങ്കിൽ രാജ്യത്തെ COVID-19 വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, സാമൂഹിക ഒത്ത്ചേരലുകൾ, കുടുംബസംഗമങ്ങൾ മുതലായവ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി ആരോഗ്യ മന്ത്രലയവും, സൗദി ആഭ്യന്തര മന്ത്രലയവും ഇത് സംബന്ധിച്ച് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുസമൂഹം പലപ്പോഴും പുലർത്തുന്ന വിമുഖത രോഗവ്യാപനം രൂക്ഷമാക്കുന്നതായി ചൂണ്ടിക്കാട്ടിയ അധികൃതർ, ഇത് തുടരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിനായി കര്‍ക്കശമായ നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ഇതുവരെ സൗദിയിൽ 413174 പേരാണ് കൊറോണ വൈറസ് രോഗബാധതരായത്. COVID-19 രോഗബാധയെത്തുടർന്ന് 6913 മരണങ്ങൾ സൗദിയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സൗദിയിൽ പ്രതിദിനം ഏതാണ്ട് ആയിരത്തോളം ആളുകൾക്ക് COVID-19 സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.