സൗദി: വ്യാജ ഹജ്ജ് വെബ്സൈറ്റുകളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

ഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

2022 മെയ് 6, വെള്ളിയാഴ്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഹജ്ജ് സേവനങ്ങൾ, ഹജ്ജ് റജിസ്ട്രേഷൻ മുതലായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സംശയകരമായ വെബ്സൈറ്റുകളുമായി ഒരു രീതിയിലുമുള്ള ഇടപാടുകളിൽ ഏർപ്പെടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദിയിൽ നിന്നുള്ള തീർത്ഥാടകരുടെ ഈ വർഷത്തെ ഹജ്ജ് റജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. https://haj.gov.sa/ എന്ന വിലാസത്തിൽ സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.