സൗദി: COVID-19 വാക്സിൻ രണ്ടാം ഡോസ് ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ഒഴിവാക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“കൊറോണ വൈറസ് വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പുകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായുള്ള വാർത്തകൾ അടിസ്ഥാനമില്ലാത്തവയാണ്. സമൂഹത്തിലെ പരമാവധി ആളുകൾക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകുന്നതിനാൽ രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിന് നിലവിൽ കാലതാമസം നേരിടുന്നുണ്ടെന്നത് മാത്രമാണ് യാഥാർഥ്യം.” അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നവർക്ക് ഇത് സംബന്ധിച്ച സമയക്രമങ്ങൾ മന്ത്രാലയം നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന എന്നും, ആദ്യ ഡോസ് കുത്തിവെച്ച അതേ വാക്സിൻ തന്നെയായിരിക്കും രണ്ടാം ഡോസായി നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ഇതുവരെ 12.8 ദശലക്ഷം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.