സൗദി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുല്ല അസിരി അറിയിപ്പ് നൽകി. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്നവർ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് നാല് ആഴ്ച്ചയ്ക്ക് ശേഷം രണ്ടാമതൊരു ഡോസ് കുത്തിവെപ്പ് എടുക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി ടിവിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുതിർന്നവർക്ക് നൽകുന്ന COVID-19 വാക്സിൻ ഡോസിന്റെ പകുതിയാണ് ഈ പ്രായവിഭാഗക്കാർക്ക് ഒരു ഡോസ് എന്ന രീതിയിൽ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികളിൽ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്സിൻ കുത്തിവെപ്പെടുത്ത അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഗുരുതര പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികളുടെ രണ്ടാം ഘട്ടം 2022 ജനുവരി 16-ന് സൗദിയിൽ ആരംഭിച്ചിരുന്നു.