സൗദി അറേബ്യ: ഹജ്ജ് ആരോഗ്യ ഗൈഡ് പുറത്തിറക്കി

featured GCC News

ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സൗദി ആരോഗ്യ മന്ത്രാലയം ഒരു ആരോഗ്യ ഗൈഡ് പുറത്തിറക്കി. “ഹജ്ജ് ഇൻ ഹെൽത്ത്” എന്ന ആശയത്തിലൂന്നി പുറത്തിറക്കിയിരിക്കുന്ന ഈ ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ ലഭ്യമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകരുടെ പ്രതിരോധ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും, ക്ഷേമം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്.

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇൻഡോനേഷ്യൻ, ടർക്കിഷ്, മലായ് എന്നീ ഭാഷകളിൽ ഈ ഗൈഡ് ലഭ്യമാക്കിയിട്ടുണ്ട്. ഈ ആരോഗ്യ ഗൈഡിന്റെ ഇംഗ്ലീഷ് പതിപ്പ് https://static.moh.gov.sa/assets/pdf/Hajj-Book-English.pdf എന്ന വിലാസത്തിൽ പിഡിഎഫ് രൂപത്തിൽ ലഭ്യമാണ്.

ഹജ്ജ് തീർത്ഥാടനത്തിന്റെ ഓരോ ഘട്ടങ്ങളിലും തീർത്ഥാടകർ ശ്രദ്ധിക്കേണ്ടതായ ആരോഗ്യ നിർദ്ദേശങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന ക്ഷീണം, ഹീറ്റ് സ്ട്രോക്ക് എന്നിവയിൽ നിന്നുള്ള സംരക്ഷണം, വലിയ ജനക്കൂട്ടത്തിൽ നിന്ന് ഏൽക്കാനിടയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയൽ, ഭക്ഷ്യജന്യ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ നടപടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അടിയന്തര സാഹചര്യങ്ങളിൽ, വൈദ്യസഹായം ലഭിക്കുന്നതിന് മുൻപായി പാലിക്കാവുന്ന പ്രഥമശുശ്രൂഷ നിർദ്ദേശങ്ങളും ദ്രുത പ്രതികരണ നടപടികളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.