COVID-19 വാക്സിനുകൾ സംബന്ധമായി രാജ്യത്ത് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങളെയും, തെറ്റായ വിവരങ്ങളെയും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു. സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസിരിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് വാക്സിനുകൾക്കെതിരായ തെറ്റായ വിവരങ്ങൾ പങ്ക് വെച്ച് കൊണ്ട് ഏതാനം വ്യക്തികൾ നടത്തുന്ന പ്രചാരണങ്ങളെ ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് അദ്ദേഹം തള്ളിക്കളഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിനുകളെക്കുറിച്ച് നടക്കുന്ന വിവിധ വ്യാജപ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും, വാക്സിനുകൾ മനുഷ്യജീവൻ രക്ഷിക്കുന്നതിന് വളരെയധികം സഹായകമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
COVID-19 വാക്സിനുകൾ മൂലം വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ COVID-19 വാക്സിനുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി അധികൃതർ നൽകിയത് നിരവധി പഠനങ്ങൾക്ക് ശേഷമാണെന്നും, 2021 ഓഗസ്റ്റ് മാസത്തിൽ ഔദ്യോഗികമായി വാക്സിനുകൾക്ക് രാജ്യം അംഗീകാരം നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.