രാജ്യത്തെ COVID-19 രോഗവ്യാപനം വരും ദിനങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജൽ അറിയിച്ചു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് വരും ദിനങ്ങളിലും തുടരുമെന്നും, രോഗവ്യാപനത്തിന്റെ തോത് കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകാനിടയുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിനായി വാക്സിനുകൾ ഫലപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതരിൽ രോഗം ഗുരുതരമാകാതിരിക്കുന്നതിനും, ആശുപത്രി ചികിത്സ ഒഴിവാക്കുന്നതിനും വാക്സിൻ ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാക്സിനെടുക്കുന്ന നടപടികൾ പൂർത്തിയാക്കാത്തവരെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം പങ്ക് വെച്ചു. നിലവിൽ സൗദിയിലെ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ആവശ്യമായിവരുന്ന ബഹുഭൂരിഭാഗം COVID-19 രോഗബാധിതരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി ക്യാബിനറ്റ് പൊതുജനങ്ങളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.