സൗദി: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികളുടെ ഓൺലൈൻ വില്പനയ്‌ക്കെതിരെ ആരോഗ്യ മന്ത്രാലയം

Saudi Arabia

COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ഓൺലൈനിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ വില്പനയ്ക്ക് വെച്ച് കൊണ്ടുള്ള പരസ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ ആപ്പിലൂടെ മാത്രമാണ് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ സൗദിയിൽ ലഭ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത് തീർത്തും സൗജന്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്സിൻ ലഭിക്കുന്നതിനുള്ള ഇത്തരം മുൻ‌കൂർ അനുമതികൾ, ബുക്കിംഗ് എന്നിവ ഓൺലൈനിൽ മറ്റൊരു ഏജൻസിയെയും ഏല്പിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

“രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ‘Sehhaty’ ആപ്പിലൂടെ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ സേവനം തീർത്തും സൗജന്യമാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. Sehhaty ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്ന രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ തൊട്ടരികിലുള്ള വാക്സിനേഷൻ കേന്ദ്രത്തിലെ ഒഴിവുകൾ അനുസരിച്ച് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ബുക്ക് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ട് കൊണ്ട് വാക്സിനേഷനുള്ള മുൻ‌കൂർ അനുമതികൾ വിൽക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും, മറ്റു മാധ്യമങ്ങളിലും കാണുന്ന ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.