സൗദി അറേബ്യ: ഹജ്ജ് പെർമിറ്റുകളുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ

GCC News

ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി. സൗദി ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശാരീരിക വൈകല്യം മൂലം തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിന് തടസ്സമാകുന്ന രോഗങ്ങളുടെ പട്ടിക സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. താഴെ പറയുന്ന രോഗങ്ങളുള്ള തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതല്ല:

  • ഡയാലിസിസ് ആവശ്യമായി വരുന്ന വൃക്ക സംബന്ധിയായ തകരാറ്.
  • ഹൃദയസ്തംഭനം അല്ലെങ്കിൽ കരൾ സിറോസിസ്.
  • ഗുരുതരമായ മാനസിക രോഗങ്ങൾ.
  • ഡിമെൻഷ്യ.
  • കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലുള്ള ഗർഭധാരണം.

ഹജ്ജ് അനുഷ്ഠിക്കുന്നവർക്ക് എളുപ്പത്തിലും സുഖമായും തങ്ങളുടെ തീർത്ഥാടന കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തമാക്കുന്ന രീതിയിലുള്ള ആരോഗ്യ സ്ഥിതി നിർബന്ധമാണെന്നും ഇതിന് ഹാനികരമായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തീർത്ഥാടകർക്ക് മെനിങ്ങ്ഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള (Meningococcal Meningitis) വാക്സിനേഷൻ, സീസണൽ ഫ്ലൂ വാക്സിൻ, COVID-19 വാക്സിൻ എന്നിവ നിർബന്ധമാണ്.