COVID-19 വാക്സിനെടുക്കാത്തവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്ത് നടക്കുന്ന സാമൂഹിക ചടങ്ങുകളിലേക്കും ഇവർക്ക് പ്രവേശനം നൽകുന്നതല്ല.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്തുന്ന സന്ദർശകർക്കും, ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് ഇത്തരം ഇടങ്ങളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശനം നൽകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധനകൾക്ക് നൽകുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.