രാജ്യത്തെ COVID-19 ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ജനുവരി 27-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക് രണ്ട് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുവാദമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനുള്ള പ്രചാരണ നടപടികളുടെ ഭാഗമായാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.