സൗദി: മക്ക, മദീന എന്നിവിടങ്ങളിൽ ഹജ്ജ് സീസണിൽ കടുത്ത ചൂട്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

മക്ക, മദീന എന്നിവിടങ്ങളിൽ ഇത്തവണത്തെ ഹജ്ജ് സീസണിൽ കടുത്ത ചൂട്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഇതിനാൽ ഹജ്ജ് തീർത്ഥാടകർ ചൂടിനെതിരെ ജാഗ്രത പുലർത്തണമെന്ന് സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഹജ്ജ് സീസണിൽ പകൽ സമയങ്ങളിൽ മക്കയിൽ കൂടിയ താപനില ശരാശരി 43.6 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും, മദീനയിൽ ഇത് 43 ഡിഗ്രി വരെയാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ മക്കയിൽ താഴ്ന്ന താപനില ശരാശരി 29.6 ഡിഗ്രി സെൽഷ്യസ് വരെയും, മദീനയിൽ 29.3 ഡിഗ്രി വരെയും താഴാനിടയുണ്ട്.

മക്കയിൽ മണിക്കൂറിൽ 4 മുതൽ 10 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. സമാനമായ സാഹചര്യം മദീനയിലും അനുഭവപ്പെടാനിടയുണ്ട്.