റോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രം സൽവ അതിർത്തിയിൽ പ്രവർത്തനമാരംഭിച്ചു. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ അതിർത്തിയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 പരിശോധന നിർബന്ധമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സൗദിയിലെത്തുന്ന യാത്രികർ മൂന്ന് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
യാത്രികർക്ക് COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യം സൽവ അതിർത്തിയിലെ ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്. ഇതിനായി പ്രത്യേക ആരോഗ്യ പ്രവർത്തകരുടെ സേവനം ഈ ആരോഗ്യ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ അതിർത്തിയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർ സൗദിയിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, ക്വാറന്റീൻ നിർദ്ദേശങ്ങളും പാലിച്ച് കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ ജനുവരി 4-ന് തീരുമാനിച്ചിരുന്നു.
അതേസമയം, അബു സമ്ര അതിർത്തി കവാടം ഉപയോഗിച്ച് കൊണ്ട് സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ മാനദണ്ഡങ്ങൾ ഖത്തർ പുറത്തിറക്കിയിട്ടുണ്ട്.