സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. 2022 ഫെബ്രുവരി 23-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്.
സ്ഥാപക ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22-ന് സൗദി പവലിയനിലെത്തിയ സന്ദർശകർക്ക് മുന്നിൽ സൗദി അറേബ്യയുടെ പൈതൃകം, ചരിത്രം എന്നിവ അനാവരണം ചെയ്യുന്ന പ്രത്യേക ചടങ്ങുകൾ ഒരുക്കിയിരുന്നതായി സൗദി പവലിയൻ അധികൃതർ ട്വിറ്ററിൽ കുറിച്ചു.
സൗദി അറേബ്യയുടെ സാംസ്‌കാരികത്തനിമ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനും, സൗദിയുടെ വിഭിന്നങ്ങളായ സാമൂഹിക, സാംസ്‌കാരിക പാരമ്പര്യം ആഗോള സന്ദർശകർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുമായാണ് ഇത്തരം ചടങ്ങുകൾ ഒരുക്കിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആദ്യത്തെ സൗദി രാഷ്ട്രത്തിന് തുടക്കം കുറിച്ച് കൊണ്ട് 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ ഭരണകാലം ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫെബ്രുവരി 22-ന് സ്ഥാപക ദിനമായി ആചരിക്കുന്നത്.