രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.
സൗദിയിലെ നിയമങ്ങളനുസരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും, സമൂഹ സുരക്ഷ അപകടത്തിൽപ്പെടുത്തുന്നതിനും കാരണമാകുന്ന എല്ലാത്തരം വ്യാജവാർത്തകളും, ഊഹാപോഹങ്ങളും സൃഷ്ടിക്കുന്നതും, പ്രചരിപ്പിക്കുന്നതും വിലക്കിയിട്ടുള്ളതാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട്, സമൂഹസുരക്ഷയ്ക്ക് മുറിവേൽപ്പിക്കുന്നതായ വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും, പ്രചരിപ്പിക്കുന്നതും സൗദിയിലെ ആന്റി-സൈബർ ക്രൈം നിയമങ്ങൾ പ്രകാരം 5 വർഷം വരെ തടവും, 3 മില്യൺ റിയാൽ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾ രാജ്യത്തെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ചെലവുകൾ ശിക്ഷിക്കപ്പെടുന്ന വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ്.
ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ, അക്കൗണ്ടുകൾ, ഇടങ്ങൾ എന്നിവ, ഇവയുടെ ഉടമ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് തെളിയുന്ന പക്ഷം, അടച്ച് പൂട്ടുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്കും, സഹായികൾക്കും, കൂട്ടുനിൽക്കുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.