സൗദി അറേബ്യ: ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാങ്കേതികവിദ്യകളുടെ സഹായത്തോടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും സൈബർകുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ സൗദി അറേബ്യയിലെ ആന്റി സൈബർക്രൈം നിയമത്തിൽ അനുശാസിക്കുന്ന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരെ ദ്രോഹിക്കുന്നതിനും, ഹാനികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ പ്രവർത്തിയാണെന്നും, വ്യക്തികളുടെ സ്വകാര്യത, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനാണ് നിയമം പ്രാധാന്യം നൽകുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

സൗദി ആന്റി സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരം മറ്റുള്ളവരുടെ സ്വകാര്യത, പ്രശസ്തി എന്നിവ നശിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ചെയ്യുന്നതിനായി മൊബൈൽ ഫോണുകൾ, മറ്റു ആധുനിക സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.