രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് സൗദി അധികൃതർ നിർദ്ദേശം നൽകിയതായി സൂചന. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ്, ഇവ ഈടാക്കുന്നതിനുള്ള സമയക്രമങ്ങൾ എന്നിവ അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി വിദ്യാലയ അധികൃതർ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ശേഷം, അധ്യയന വർഷത്തിനിടയിൽ ഫീസുകളിൽ മാറ്റം വരുത്തുന്നതിന് വിദ്യാലയങ്ങൾക്ക് അധികാരമുണ്ടായിരിക്കില്ലെന്നും സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്.
അധ്യയന വർഷം ആരംഭിച്ചതിന് ശേഷം ഫീസിനത്തിൽ വരുത്തുന്ന മാറ്റങ്ങൾ നിയമവിരുദ്ധമായി കണക്കാക്കുന്നതാണ്. വിദ്യാലയങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരമുള്ള ഫീസ് പട്ടിക വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതാണ്.