ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി. ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിനു പുറമെ, മറ്റൊരു COVID-19 വാക്സിൻ കൂടി താമസിയാതെ സൗദിയിൽ ലഭ്യമാകുമെന്നും, ഇത് ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
നിലവിൽ ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ച് രാജ്യത്ത് ആരംഭിച്ചിട്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ അടുത്ത മൂന്നാഴ്ച്ചയ്ക്കകം സൗദിയുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈസർ വാക്സിന് പുറമെ, മറ്റൊരു COVID-19 വാക്സിൻ സംബന്ധമായ പഠന റിപ്പോർട്ടുകൾ വിശകലനം ചെയ്തു വരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം 2021 ഫെബ്രുവരി അവസാനത്തോടെ ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ഒരു ദശലക്ഷം ഡോസ് രാജ്യത്ത് ലഭ്യമാകുന്നതാണ്. 2021 മെയ് അവസാനത്തോടെ ആകെ ഏതാണ്ട് മൂന്ന് ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ സൗദിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ സൗദി അറേബ്യയിൽ ഡിസംബർ 17 മുതൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയിരുന്നു.
സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ലഭ്യമാണ്. ഈ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
COVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.