സൗദി അറേബ്യയിൽ ഏതാണ്ട് എട്ട് മാസത്തിന് ശേഷം ആദ്യമായി പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം 200-ൽ താഴെ രേഖപ്പെടുത്തി. ഡിസംബർ 5, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 190 പേർക്കാണ് പുതിയതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 4-ന് ശേഷം സൗദിയിൽ സ്ഥിരീകരിക്കുന്ന ദിനംപ്രതിയുള്ള രോഗബാധിതരുടെ ഏറ്റവും കുറഞ്ഞ കണക്കുകളാണ് ശനിയാഴ്ച്ച മന്ത്രാലയം പുറത്ത് വിട്ടിട്ടുള്ളത്. ഏപ്രിൽ 4-ന് 183 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. അതിന് ശേഷം സൗദിയിലെ പ്രതിദിന രോഗബാധ കുത്തനെ ഉയരുകയായിരുന്നു. നിലവിൽ രാജ്യത്തെ COVID-19 വ്യാപനത്തിന്റെ തോത് വളരെ കുറഞ്ഞിട്ടുണ്ട്.
ഡിസംബർ 5-ന് 190 പേർക്ക് രോഗബാധ കണ്ടെത്തിയതോടെ സൗദിയിലെ ആകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 358526 ആയി. ഡിസംബർ 5-ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 64 പേർ റിയാദിൽ നിന്നും, 36 പേർ മക്കയിൽ നിന്നും, 31 പേർ മദീനയിൽ നിന്നും, 18 പേർ ഈസ്റ്റേൺ പ്രവിശ്യയിൽ നിന്നും, 7 പേർ നജ്‌റാനിൽ നിന്നും, 2 പേർ ജസാനിൽ നിന്നുമാണ്.
324 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 348562 ആയിട്ടുണ്ട്. നിലവിൽ 4010 പേർക്കാണ് സൗദിയിൽ COVID-19 രോഗബാധയുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.2 ശതമാനത്തിലെത്തിയിട്ടുണ്ട്. 603 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
14 പേരാണ് COVID-19-നെ തുടർന്ന് സൗദിയിൽ ഡിസംബർ 5-ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5954 ആയിട്ടുണ്ട്.