2021 ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 30-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പ്രതിദിനം അറുപതിനായിരം പേർക്ക് അനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്കും, വിശ്വാസികൾക്കും ഈ അനുമതികൾ നൽകുന്നത്.
പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം 2021 സെപ്റ്റംബർ 9 മുതൽ എഴുപതിനായിരമാക്കി ഉയർത്തിയിരുന്നു. ഇത് പ്രതിദിനം ഒരു ലക്ഷത്തിലേക്ക് ഉയർത്തുന്നതോടെ മാസം തോറും 3 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
ഉംറ തീർത്ഥാടകരും, ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരും രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിരിക്കിണം എന്ന വ്യവസ്ഥ നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.