സ്പുട്നിക് V വാക്സിൻ കുത്തിവെപ്പെടുത്ത വിനോദസഞ്ചാരികൾക്ക് 2022 ജനുവരി 1 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കാൻ സൗദി അധികൃതർ അനുമതി നൽകിയതായി റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) അറിയിച്ചു. സ്പുട്നിക് വാക്സിൻ ഗവേഷണത്തിന് ആവശ്യമായ ധനനിക്ഷേപം നടത്തിയത് RDIF ആണ്.
ഡിസംബർ 5-ന് വൈകീട്ടാണ് RDIF അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം പങ്ക് വെച്ചത്. ആഗോളതലത്തിൽ സ്പുട്നിക് V വാക്സിൻ സ്വീകരിച്ചിട്ടുള്ള ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള വിദേശത്ത് നിന്നെത്തുന്ന സന്ദർശകർക്ക് 2022 ജനുവരി 1 മുതൽ സൗദി പ്രവേശനം നൽകുമെന്നാണ് RDIF സൂചിപ്പിച്ചിരിക്കുന്നത്.
സൗദി ആരോഗ്യ മന്ത്രാലയം ഡിസംബർ 5-ന് രാത്രി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം സന്ദർശകർക്ക് 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധന നെഗറ്റീവ് ഫലം, സൗദിയിലേക്ക് പ്രവേശിച്ച ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.