ബഹ്‌റൈൻ: വ്യക്തികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ കർശനമായ നിയമങ്ങൾ ആലോചിക്കുന്നതായി സൂചന

GCC News

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ആക്ഷേപിക്കുന്നതും തടയാൻ ബഹ്‌റൈൻ കർശനമായ നിയമ നിർമ്മാണത്തിനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുന്ന കരട് ബില്ലിന് ബഹ്‌റൈൻ പാർലമെന്റിലെ പ്രത്യേക കമ്മിറ്റി പ്രാഥമിക അംഗീകാരം നൽകിയതായാണ് സൂചന.

അപകീർത്തി ഉളവാക്കുന്ന പ്രവർത്തനങ്ങൾക്ക് കഠിനമായ ശിക്ഷകൾ നൽകുന്നത് ശുപാർശ ചെയ്യുന്ന ഈ കരട് ബിൽ ഫോറിൻ അഫയേഴ്‌സ്, ഡിഫെൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി അംഗീകരിച്ചിട്ടുണ്ട്. സമൂഹ മാധ്യങ്ങളിലൂടെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും, പരമാവധി 20000 ദിനാർ പിഴയും ശിക്ഷയായി നൽകുന്നതിനാണ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ഈ നിയമത്തിന് ബഹ്‌റൈൻ നിയമനിര്‍മ്മാണസഭ അന്തിമ അംഗീകാരം നൽകിയിട്ടില്ല. ഈ ബില്ലിന് അംഗീകാരം ലഭിക്കുന്ന പക്ഷം രാജ്യത്തെ IT കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2014-ലെ 60-ആം നമ്പർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതായിരിക്കും.