COVID-19 വാക്സിൻ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യ എന്ന് സൗദി ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വാക്സിൻ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യ എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടതായി ഡിസംബർ 6, ഞായറാഴ്ച്ച സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി, വാക്സിൻ നിർമ്മിച്ച് കൊണ്ടിരിക്കുന്ന കമ്പനികളുമായി പ്രബലമായ കരാറുകളിൽ സൗദി ഏർപ്പെട്ടതായും അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി അറിയിച്ചിട്ടുണ്ട്. കമ്പനികളുടെ പേരുകൾ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

വാക്സിൻ ലഭ്യമാകുന്നത് മുതൽ, അവ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ തയ്യാറാക്കിവരുന്നതായും, വ്യക്തികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ സംവിധാനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്. വാക്സിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പഠനങ്ങൾ വിദഗ്ദ സമിതികൾ കൈക്കൊള്ളുമെന്നും, അവയ്ക്ക് അംഗീകാരം ലഭിച്ച ശേഷമേ ജനങ്ങൾക്ക് ഇവ നൽകൂ എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.