കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഒക്ടോബർ 4 മുതൽ സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു. ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ പടിപടിയായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് അദ്ദേഹം സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചിരുന്നു.
ഈ തീരുമാനം നടപ്പിലാകുന്നതോടെ, ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതാണ്. മാർച്ച് മാസത്തിലാണ് ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഒക്ടോബർ 4 മുതൽ, രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ദിനംപ്രതി 6000 (നിലവിലെ സാഹചര്യങ്ങളും, പ്രതിരോധ മുൻകരുതൽ നടപടികളും കണക്കിലെടുത്ത് നിശ്ചയിച്ചിട്ടുള്ള ദിനംപ്രതി 20000 തീർത്ഥാടകർ എന്ന പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക്.) തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകുന്നത്. ഒക്ടോബർ 18 മുതൽ 75 ശതമാനത്തോളം തീർത്ഥാടകർക്ക് (ഏതാണ്ട് 15000 തീർത്ഥാടകർ) പ്രതിദിനം അനുമതി നൽകുന്ന രീതിയിലേക്ക് തീർത്ഥാടന സൗകര്യങ്ങൾ ഉയർത്തുന്നതാണ്.
നവംബർ 1 മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ ഉൾപ്പെടുത്തി 100 ശതമാനം പ്രതിദിന ശേഷിയിലേക്ക് (പരമാവധി 20000 തീർത്ഥാടകർ) തീർത്ഥാടന സേവനങ്ങൾ ഉയർത്തുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് രാജ്യത്തെ COVID-19 രോഗബാധ ഇല്ലാതാകുന്നത് വരെ ഈ രീതി തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയായിരിക്കും തീർത്ഥാടനത്തിന് അനുമതി നൽകുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കർശനമായ നിയന്ത്രണങ്ങളോടെയും, പരിമിതമായ അളവിലും മാത്രമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറയ്ക്കായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്കനുസരിച്ച്, രോഗവ്യാപന സാധ്യത തീരെ കുറഞ്ഞ രാജ്യങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർക്കായിരിക്കും ഇതിനു അനുവാദം നൽകുന്നത്.