സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചതായാണ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം വിസകളിലുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, ആരോഗ്യ സ്ഥിതി എന്നിവ Tawakkalna ആപ്പിൽ നൽകാവുന്നതും, തുടർന്ന് Eatmarna ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിക്കൊണ്ട് ഉംറ പെർമിറ്റിന് അപേക്ഷിക്കാവുന്നതുമാണ്. COVID-19 വാക്സിനെടുത്തവർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
COVID-19 വാക്സിന്റെ 2 ഡോസുകൾ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് സൗദിയിൽ നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുന്നത്.
പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം സെപ്റ്റംബർ 9, വ്യാഴാഴ്ച്ച മുതൽ എഴുപതിനായിരമാക്കി ഉയർത്തിയതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.