ഈദ് അവധി ദിവസങ്ങളിൽ സൗദിയിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

GCC News

COVID-19 വ്യാപനം തടയുന്നതിനായി, റമദാൻ 30 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഈദ് അവധിയിൽ രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാൻ മുപ്പത് വരെയുള്ള ദിവസങ്ങളിൽ മക്കയിൽ ഒഴികെ, രാജ്യത്ത് ആകമാനം വാണിജ്യ പ്രവർത്തനങ്ങൾക്കും, ആളുകൾക്ക് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പുറത്തിറങ്ങാനും അനുമതി ഉണ്ടായിരിക്കും. മക്കയിൽ ലോക്ക് ഡൌൺ തുടരും.

മെയ് 14 മുതൽ മെയ് 22 വരെയാണ്, (റമദാൻ 21 മുതൽ 29 വരെ) നിലവിൽ അനുമതി നൽകിയിട്ടുള്ള മേഖലകളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്. പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നത് വിലക്കിയിട്ടുണ്ട്.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ടുള്ള സമൂഹ ഒത്തുചേരലുകൾ സൗദിയിൽ COVID-19 വ്യാപനത്തിനു ഇടയാക്കുന്നുണ്ടെന്നും, കൊറോണാ ബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണം ഇത്തരം നിയമലംഘനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ്, ആഘോഷങ്ങൾ ഒഴിവാക്കുന്നതിനും, ആളുകൾ ഒത്തുചേരുന്നതിനുള്ള സാഹചര്യങ്ങൾ തടയുന്നതിനുമായി, ഈദ് അവധി ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ ഏർപെടുത്തുന്നത്.