സൗദി: പുതിയ അധ്യയന വർഷം മൂന്ന് സെമസ്റ്റർ എന്ന രീതിയിൽ നടപ്പിലാക്കും; വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകും

Saudi Arabia

ഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ അഷെയ്ഖ് വ്യക്തമാക്കി. ബുധനാഴ്ച്ച നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ അധ്യയന രീതിയിൽ നിന്ന് വ്യത്യസ്തമായി അടുത്ത അധ്യയനം വർഷം മൂന്ന് സെമസ്റ്റർ എന്ന രീതിയിൽ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഒരു അധ്യയന വർഷം രണ്ട് സെമസ്റ്ററാണുള്ളത്.

അധ്യയന വർഷം ആരംഭിക്കുന്ന സമയത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓരോ ക്ലാസ്സ്മുറികളിലും പരമാവധി അനുവദിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം തീരുമാനിക്കുമെന്നും, ആവശ്യമെങ്കിൽ വിദൂരവിദ്യാഭ്യാസ രീതി തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അധ്യയന വർഷത്തിലെ ഓരോ സെമസ്റ്ററും 13 ആഴ്ച്ച വീതം ദൈർഘ്യമുള്ളതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓരോ സെമസ്റ്ററിനിടയിലും ഏഴ് ദിവസത്തെ അവധിയുണ്ടായിരിക്കും. പുതിയ അധ്യയന വർഷം 2021 ഓഗസ്റ്റ് 30 മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 1-ന് മുൻപായി ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്ന നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം അധ്യാപകരോടും, ജീവനക്കാരോടും ആവശ്യപ്പെട്ടു.