മക്കയിലും, മദീനയിലും ഹജ്ജ്, ഉംറ തീർത്ഥാടവുമായി ബന്ധപ്പെട്ട വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് അറിയിച്ചു. മന്ത്രാലയം ഈ തീരുമാനം സംബന്ധിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
ഈ വിജ്ഞാപന പ്രകാരം ഹജ്ജ്, ഉംറ തീർത്ഥാടവുമായി ബന്ധപ്പെട്ട വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, മക്കയിലെയും, മദീനയിലെയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഈ നഗരങ്ങളിലെ മറ്റു തൊഴിലാളികൾ മുതലായവർക്ക് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നതാണ്. ഏപ്രിൽ 13-ന് മുൻപായി ഇത്തരം ജീവനക്കാർ COVID-19 വാക്സിൻ സ്വീകരിക്കേണ്ടതാണ്. പൊതുസമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ തീരുമാനം.
ഏപ്രിൽ 13-ന് ശേഷം വാക്സിനേഷൻ ചെയ്യാത്ത ഇത്തരം ജീവനക്കാർക്ക് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചെലവ് ഇത്തരം ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നതാണ്.
രാജ്യത്തെ ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്ങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 13 മുതൽ രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും, ഹെൽത്ത് സെന്ററുകൾ, ജിം, സ്പോർട്സ് സെന്ററുകൾ എന്നിവയിലെ ജീവനക്കാർക്കും COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.