രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. രാജ്യത്തെ സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ മുതലായ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
മെയ് 25-ന് രാത്രിയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ അധ്യാപകരോടും, വിദ്യാലയ ജീവനക്കാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്നതിന് തയ്യാറെടുക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകൾ, പൊതു, സ്വകാര്യ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, സാങ്കേതിക പരിശീലന സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലും, മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസുകളിലും പ്രവേശിക്കുന്നതിന് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രമാണ് അനുവാദം നൽകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാലയങ്ങളിലും ജീവനക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് പരിശോധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.