രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഇന്ന് (2021 ജനുവരി 3) മുതൽ പിൻവലിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരി 3, ഞായറാഴ്ച്ച പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജനുവരി 3-ന് രാവിലെ 11.00 മുതൽ രാജ്യത്തേക്കുള്ള വ്യോമയാന സേവനങ്ങളും, കര, കടൽ അതിർത്തികളിലൂടെയുള്ള പ്രവേശനവും അനുവദിക്കുന്നതാണ്. അതേസമയം, രാജ്യാതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായി ഏതാനം പ്രവേശന മാനദണ്ഡങ്ങളും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
സൗദിയിലേക്കുള്ള പ്രവേശനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ:
- COVID-19 വൈറസിന്റെ പുതിയ വകഭേദം പടർന്നതായി കണ്ടെത്തിയ യു കെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക്, 14 ദിവസം ഈ രാജ്യങ്ങൾക്ക് വെളിയിൽ താമസിച്ച ശേഷം മാത്രമാണ് നിലവിൽ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് രോഗബാധയില്ലാ എന്ന് ഉറപ്പാക്കുന്നതിനായി PCR ടെസ്റ്റ് നിർബന്ധമാണ്.
- COVID-19 വൈറസിന്റെ പുതിയ വകഭേദം പടർന്നതായി കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് പ്രത്യേക അനുമതിയോടെ സൗദിയിൽ പ്രവേശിക്കുന്ന സൗദി പൗരന്മാർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇവർ സൗദിയിൽ പ്രവേശിച്ച് 48 മണിക്കൂറിനകം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. തുടർന്ന് ക്വാറന്റീനിൽ തുടരുന്ന പതിമൂന്നാം ദിവസം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിച്ച ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ആറാം ദിവസം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് മുൻപ് ബാധകമായിരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ തുടരും. ഇവർക്ക് 3 മുതൽ 7 ദിവസം വരെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതും, PCR ടെസ്റ്റ് നടത്തുന്നതുമാണ്.
യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യാതിർത്തികൾ ഒരാഴ്ച്ചത്തേക്ക് അടച്ചിടാൻ സൗദി ഡിസംബർ 20-ന് അടിയന്തിരമായി തീരുമാനിക്കുകയായിരുന്നു. തുടർന്ന്, ഡിസംബർ 28-ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.