സൗദി: 2022 ഫെബ്രുവരി മുതൽ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

GCC News

2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 18-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 1 മുതൽ Tawakkalna ആപ്പിൽ താഴെ പറയുന്ന രീതിയിലാണ് രോഗപ്രതിരോധശേഷി സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്:

  • COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാക്കുന്നതോടെ ഈ സ്റ്റാറ്റസ് ‘രോഗപ്രതിരോധശേഷിയില്ല എന്ന രീതിയിലേക്ക്’ മാറുന്നതാണ്.
  • രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത തീയതി മുതൽ എട്ട് മാസം പൂർത്തിയാക്കുന്നത് വരെ ഈ സ്റ്റാറ്റസ് മാറാതെ നിലനിൽക്കുന്നതാണ്.

2022 ഫെബ്രുവരി 1 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം 2021 ഡിസംബർ 3-ന് അറിയിച്ചിരുന്നത്.

ഈ പ്രായവിഭാഗത്തിൽപ്പെടുന്ന, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നതെന്ന് മന്ത്രാലയം 2021 ഡിസംബർ 3-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2022 ഫെബ്രുവരി 1 മുതൽ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയരുടെ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് മാറുന്നത്.

സൗദിയിലെ COVID-19 സുരക്ഷാ നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉൾപ്പടെ വിവിധ കാര്യങ്ങൾക്ക് തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാണ്.