സൗദി: പൊതു ഇടങ്ങളിലും മറ്റും തവക്കൽനാ ആപ്പ് നിർബന്ധമാക്കുന്നു

featured GCC News

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശനം ലഭിക്കുന്നതിന് തവക്കൽനാ (Tawakkalna) ട്രാക്കിങ്ങ് ആപ്പ് ഉപയോഗിക്കാൻ സൗദി അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ വ്യക്തികൾക്ക് സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കുന്ന അവസരത്തിൽ വൈറസ് ബാധയില്ലായെന്ന് തെളിയിക്കുന്നതിന് സാധിക്കുന്നതാണ്.

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ, വിവിധ പൊതു ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ആപ്പ് നിർബന്ധമാക്കി വരുന്നുണ്ട്. നിലവിൽ വാണിജ്യ മന്ത്രാലയം, നിയമ മന്ത്രാലയം, പോർട്സ് അതോറിറ്റി, റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ഫണ്ട് തുടങ്ങിയ വകുപ്പുകൾ തങ്ങളുടെ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്ക് തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ഫെബ്രുവരി 3 മുതലാണ് ഈ തീരുമാനം നടപ്പിലാക്കാൻ ആരംഭിച്ചിട്ടുള്ളത്.

എന്നാൽ ഈസ്റ്റേൺ പ്രൊവിൻസിലെ സർക്കാർ ഓഫീസുകളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഒരാഴ്ച്ചയായി ഈ ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.

എന്നാൽ തവക്കൽനാ ആപ്പിന്റെ രജിസ്ട്രേഷനിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി രേഖപ്പെടുത്തുന്ന വലിയ വർദ്ധനവ് മൂലം ആപ്പിന്റെ പ്രവർത്തനത്തിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി രജിസ്റ്റർ ചെയ്തവർക്ക് SMS വഴി പ്രധാന വിവരങ്ങൾ അയച്ച് നൽകിയിട്ടുണ്ടെന്ന് തവക്കൽനാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പേര്, ഐഡി, ആരോഗ്യ സ്റ്റാറ്റസ് എന്നിവ അടങ്ങിയ ഈ SMS ആപ്പിന് പകരമായി, ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ താത്കാലികമായി ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.