ഖത്തർ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു

GCC News

വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ നൽകുന്നതിനും, കടലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.

2023 മാർച്ച് 11-ന് വൈകീട്ടാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ ഇ-സേവന സംവിധാനം https://www.mol.gov.qa/En/pages/default.aspx എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.

ഇതിന്റെ ഭാഗമായി, ഈ ഇ-സേവന സംവിധാനത്തിലൂടെ ഖത്തറിലെ സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന ആറ് സേവനങ്ങളാണ് മന്ത്രാലയം ലഭ്യമാക്കിയിരിക്കുന്നത്:

  • പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ.
  • വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ.
  • വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷകൾ.
  • ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ.
  • ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷകൾ.
  • ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷകൾ.

ഈ സംവിധാനത്തിലൂടെ സ്ഥാപനങ്ങൾക്ക് ഖത്തറിൽ താമസിക്കുന്ന ഒരു പ്രവാസിയെ (മറ്റൊരാളുടെ ആശ്രിതവിസയിലുള്ളതോ, റെസിഡൻസി വിസയിലുള്ളതോ, നിക്ഷേപക പദവിയിലുള്ളവരോ ഉൾപ്പടെ) തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കുന്നതിനായി പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. സ്ഥാപനങ്ങൾക്ക് ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനും, റദ്ദ് ചെയ്യുന്നതിനും സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഈ ഇ-സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Cover Image: Qatar Ministry of Labor.