അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടി യുടെ അക്കാദമിക മേൽനോട്ടത്തിൽ ‘കെറ്റ്’ സാങ്കേതിക പിന്തുണ നൽകുന്ന പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.
അവധിക്കാല സന്തോഷങ്ങൾ എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഓരോ പ്രവർത്തനവും വീട്ടിനുള്ളിൽ തന്നെ പരിശീലിക്കുവാൻ കഴിയും. ആരോഗ്യ കായിക വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട എക്സർസൈസ് അറ്റ് ഹോം എന്ന പേരിൽ വീട്ടിൽ വച്ചു പരിശീലിക്കാവുന്ന വിവിധ വ്യായാമങ്ങളുടെയും കലാപഠനത്തിന്റെ സാധ്യതകൾ കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെയും നിരവധി വിഡിയോകൾ സമഗ്ര പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആരോഗ്യ സംബന്ധമായ കായിക ക്ഷമതാ ഘടകങ്ങളായ സ്ട്രെങ്ത്, കാർഡിയോ റെസ്പിറേറ്ററി എൻഡ്യൂറൻസ്. ഫ്ളക്സിബിലിറ്റി, ശരീരാനുപാതം എന്നീ ഗുണങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്നതരത്തിലുള്ള വീഡിയോകളാണ് പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ തീമുകൾ ഉൾക്കൊള്ളുന്നവയാണ് തെരഞ്ഞെടുക്കുന്നത്. കായികക്ഷമത മെച്ചപ്പെടുത്താനും പ്രതിരോധശക്തി വർധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും വിഡിയോകൾ കുട്ടികൾക്ക് പ്രയോജനകരമാകും.
കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചിത്രം, ശില്പം, സംഗീതം, നൃത്തം, നാടകം എന്നീ മേഖലകളിൽ കുട്ടികൾക്ക് അറിവ് പകരാനും വിവിധ കലാരൂപങ്ങൾ പരിചയപ്പെടാനും അവർക്ക് വീട്ടിലെ സാഹചര്യത്തിൽ ചെയ്ത് നോക്കാൻ കഴിയുന്ന ലളിതമായ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കലാചരിത്രത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കുന്ന വിഡിയോകളും പ്രവർത്തന നർദ്ദേശങ്ങളും പ്രസന്റേഷനുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തിയാൽ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവലോകം തുറന്നു കിട്ടുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് പറഞ്ഞു.