അബുദാബി: 3 മാസത്തിനിടയിൽ നടത്തിയ COVID-19 പരിശോധനകളിൽ 0.39% പേരിൽ മാത്രം രോഗബാധ

UAE

എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു. കഴിഞ്ഞ 3 മാസത്തിനിടയിൽ, എമിറേറ്റിൽ ആകെ നടപ്പിലാക്കിയ ടെസ്റ്റുകളിൽ 0.39% പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്നത് ഈ മുൻകരുതൽ നടപടികളുടെ ഫലപ്രാപ്തി വെളിവാക്കുന്നതാണ്.

ഓരോ മേഖലയിലെയും രോഗബാധിതരെ കണ്ടെത്തുന്നതിനും, രോഗവ്യാപനം നിയന്ത്രിക്കുന്നതിനും, രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് തടയുന്നതിനും നടപ്പിലാക്കുന്ന ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി എമിറേറ്റിലുടനീളം നടപ്പിലാക്കിയ കർശനമായ പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമായെന്ന് ഈ കണക്കുകൾ തെളിയിക്കുന്നുണ്ട്. കുറഞ്ഞ സമയത്തിനകം, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും പെട്ട, ഏറ്റവും കൂടുതൽ പേരിലേക്ക് സൗജന്യ കൊറോണ വൈറസ് പരിശോധനകൾ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ രോഗബാധയുടെ വ്യാപനം തടയാൻ അബുദാബിയെ ഏറെ സഹായിച്ചിട്ടുണ്ട്.

ഇത്തരം മുൻകരുതൽ നടപടികളും, പരിശോധനാ പ്രവർത്തനങ്ങളും തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കി. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പുകളുമായി ചേർന്ന് സംയുക്തമായി നടപ്പിലാകുന്നതാണെന്ന് അധികൃതർ അറിയിച്ചു. തിരക്കേറിയ പാർപ്പിട മേഖലകളിലും, വാണിജ്യ മേഖലകളിലും രോഗവ്യാപനം തടയാനുള്ള പരിശോധനാ പരിപാടികൾ തുടർന്നും നടപ്പിലാക്കുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.

രോഗപ്രതിരോധ നടപടികൾ പൂർണ്ണമായി വിജയിക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ജനങ്ങളോട് സാമൂഹിക അകലം, കൈകളുടെ ശുചിത്വം, പൊതുസ്ഥലങ്ങളിൽ മാസ്കുകളുടെ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തു.