അബുദാബി: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ രോഗബാധിതരാകുന്ന നിരക്ക് വളരെ കുറവാണെന്ന് ADPHC

GCC News

രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് വൈറസ് ബാധയേൽക്കുന്ന സാഹചര്യം വളരെ കുറവാണെന്നാണ് എമിറേറ്റിലെ പഠനങ്ങൾ തെളിയിക്കുന്നതെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) അറിയിച്ചു. എമിറേറ്റിൽ നിലവിൽ നൽകിവരുന്ന COVID-19 വാക്സിനിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് ADPHC നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർക്ക് വൈറസ് ബാധയേൽക്കുന്ന സാഹചര്യങ്ങളിൽ, തീവ്രതയില്ലാത്ത രീതിയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതെന്നും, ഇത്തരക്കാർക്ക് ഹോസ്പിറ്റലുകളിലെ കിടത്തിചികിത്സയോ, അത്യാഹിത വിഭാഗത്തിൽ നിന്നുള്ള പരിചരണമോ ആവശ്യമായി വരുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ADPHC കൂട്ടിച്ചേർത്തു. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നവർ രോഗബാധിതരാകുന്ന നിരക്ക് വളരെ കുറവാണെന്നാണ് ഈ പഠനം തെളിയിക്കുന്നതെന്ന് ADPHC വ്യക്തമാക്കി.

വാക്സിൻ സ്വീകരിച്ചവരിൽ ആശുപത്രി ചികിത്സ ഒഴിവാക്കുന്നതിൽ നിലവിലെ വാക്സിനുകൾ 93 ശതമാനം ഫലപ്രദമാണെന്നും, ICU ചികിത്സ ആവശ്യമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിൽ നിലവിലെ വാക്സിനുകൾ 95 ശതമാനം ഫലപ്രദമാണെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയതായി ADPHC അറിയിച്ചു. കൃത്യമായ രീതിയിൽ COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരിൽ കൊറോണ വൈറസ് ബാധമൂലമുള്ള ഒരു മരണം പോലും എമിറേറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ADPHC ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി വ്യക്തമാക്കി.

വാക്സിൻ സ്വീകരിക്കുന്നതും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരുന്നതും COVID-19 രോഗബാധയെ പ്രതിരോധിക്കുന്നതിനും, കൊറോണ വൈറസിനെതിരായ രോഗപ്രതിരോധശക്തി നേടുന്നതിനും വളരെ പ്രധാനമാണെന്ന് ADPHC ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ ശേഷിയെന്നത് ശരീരത്തിൽ കേവലം ആന്റിബോഡികളുടെ സാന്നിദ്ധ്യം മാത്രമല്ലെന്നും, അത് ഒന്നിലധികം ഘടകങ്ങളിൽ ആശ്രയിച്ചിരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഒരു തവണ COVID-19 രോഗബാധിതരായവർ നേടുന്ന പ്രതിരോധ ശേഷി വീണ്ടും രോഗബാധയേൽക്കുന്നത് തടയുമെന്ന് ഒരുകാരണവശാലും ഉറപ്പ് പറയാനാകില്ലെന്നും, ഇത്തരക്കാർക്ക് വീണ്ടും രോഗബാധയേൽക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നതായും ADPHC ചൂണ്ടിക്കാട്ടി.

വൈറസിൽ വരുന്ന ജനിതകമാറ്റങ്ങൾ COVID-19 രോഗബാധയേൽക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതായും ഈ പഠനത്തിലൂടെ തെളിയുന്നതായി ADPHC അറിയിച്ചു. രോഗബാധയേൽക്കുന്നവരിൽ രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമല്ലാത്ത സാഹചര്യങ്ങളിൽ പോലും, കൊറോണ വൈറസ് രോഗബാധമൂലം ഭാവിയിൽ നേരിടേണ്ടിവരാവുന്ന ദീർഘകാലം നീണ്ട് നിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നും ADPHC കൂട്ടിച്ചേർത്തു. കൊറോണ വൈറസ് രോഗബാധ മൂലം രോഗമുക്തരിൽ ഉണ്ടാകാവുന്ന ഇത്തരം അസ്വസ്ഥതകൾ പ്രായമായവരെയും, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെയും, പൂർണ്ണ ആരോഗ്യവാന്മാരായവരെയും ഒരുപോലെ ബാധിക്കാമെന്നും ADPHC വ്യക്തമാക്കി.