അബുദാബി: എമിറേറ്റിനു പുറത്ത് SEHA-യുടെ കീഴിലുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കും

GCC News

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് COVID-19 പരിശോധനാ ഫലം നിർബന്ധമാക്കിയതോടെ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ മറ്റു എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു. ഈ കേന്ദ്രങ്ങൾ വെള്ളി, ശനി മുതലായ അവധി ദിവസങ്ങളിൽ ഉൾപ്പടെ പ്രവർത്തിക്കുന്നതാണ്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതോടെ കൂടുതൽ പേർക്ക് ടെസ്റ്റിംഗ് സൗകര്യം നൽകുന്നതിനാണ് ഈ കേന്ദ്രങ്ങൾ വാരാന്ത്യത്തിലും പ്രവർത്തിക്കുന്നത്. ഇതോടെ ദുബായിലെ സിറ്റി വോക്, മിന റാഷിദ്, അൽ ഖവാനീജ് എന്നീ കേന്ദ്രങ്ങളും, ഷാർജ, അജ്‌മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ SEHA ടെസ്റ്റിംഗ് കേന്ദ്രങ്ങളും ആഴ്ചയിൽ 7 ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നതാണ്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി ഇന്ന് പുലർച്ചെ കൂടുതൽ വ്യക്തതകൾ നൽകിയിരുന്നു. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് മാത്രമേ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്നും, രോഗബാധിതർക്ക് അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.