സൗദി: ഓൺലൈൻ സേവനങ്ങൾ റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ ഇഖാമ പുതുക്കാമെന്ന് ജവാസത്

GCC News

ഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) പുതുക്കുന്നതിന് തടസമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് (ജവാസത്) ഇക്കാര്യം വ്യക്തമാക്കിയത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സിന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു സൗദി പൗരൻ ഉയർത്തിയ സംശയത്തിന് മറുപടിയായാണ് ജവാസത് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയുടെ ഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യത്തിലും അവർക്ക് കീഴിലുള്ള തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ അബ്ഷേർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് തടസമില്ലെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.