എമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊതു ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഉപയോഗം ഇരട്ടിയായതായി RTA ചൂണ്ടിക്കാട്ടി.
2021-ൽ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അഞ്ച് ലക്ഷം ട്രിപ്പുകളാണ് നടത്തിയത്. ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഗുരുതര അപകടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും RTA കൂട്ടിച്ചേർത്തു.
ഇ-സ്കൂട്ടർ വാടകയ്ക്ക് നൽകുന്ന സംവിധാനം ഏറെ ജനപ്രിയമായി മാറിയതായി RTA വ്യക്തമാക്കി. 2022-ൽ 557,000 റൈഡർമാരാണ് ഈ സേവനം ഉപയോഗിച്ചത്.
2023-ന്റെ ആദ്യ പാദത്തിൽ 11 പുതിയ റെസിഡൻഷ്യൽ ഏരിയകളിൽ ഇ-സ്കൂട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി RTA നൽകിയിരുന്നു. ഇതോടെ ഇ-സ്കൂട്ടർ യാത്രക്കാർക്കായി സമർപ്പിച്ചിരിക്കുന്ന ട്രാക്കുകളുടെ മൊത്തം ദൈർഘ്യം 185ൽ നിന്ന് 390 ആയിട്ടുണ്ട്.
വിവിധ മേഖലകളിൽ ഇ-സ്കൂട്ടറിന് അനുവദിച്ചിട്ടുള്ള പരമാവധി വേഗതയിലും മാറ്റങ്ങളുണ്ട്. അപകടം കുറക്കുന്നതിനായി RTA വിവിധ മേഖലകളിൽ ബോധവത്കരണം നടത്തിയിരുന്നു. ഇ-സ്കൂട്ടർ യാത്രികർ അവർക്ക് അനുവദനീയമായ റോഡുകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും, സുരക്ഷാ ഹെൽമറ്റും ജാക്കറ്റും ധരിക്കണമെന്നും, രാത്രിയിൽ വാഹനമോടിക്കുമ്പോൾ സ്കൂട്ടറിൽ മുന്നിലും പിന്നിലും ലൈറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും RTA ആഹ്വാനം ചെയ്തു.
WAM