എമിറേറ്റിലെ വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളിൽ സമ്പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നയത്തിന് അംഗീകാരം നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) പ്രഖ്യാപിച്ചു. ഈ നയം 2021 ജൂൺ മുതൽ നടപ്പിലാക്കുമെന്നും SEDD വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ വിദേശ വ്യക്തികൾക്കും, നിക്ഷേപകർക്കും നിയമപരമായി എമിറേറ്റിലെ വാണിജ്യ, വ്യാവസായിക കമ്പനികളുടെ 100 ശതമാനം ഉടമസ്ഥാവകാശം നേടാനും, എമിറേറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും അനുമതി ലഭിക്കുന്നതാണ്. SEDD അറിയിച്ചിട്ടുള്ള തീരുമാന പ്രകാരം, വിദേശ നിക്ഷേപകർക്ക് ഇതിനായി അധിക ഫീസ്, അല്ലെങ്കിൽ നിർദ്ദിഷ്ട മൂലധനം മുതലായ നിബന്ധനകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഈ തീരുമാന പ്രകാരം വിദേശ കമ്പനികളുടെ ശാഖകൾക്ക് എമിറേറ്റിൽ പ്രത്യേക ഏജന്റുമാരെ നിയമിക്കാതെ തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
വിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി മെയ് 19-ന് അറിയിച്ചിരുന്നു. രാജ്യത്തെ ഫെഡറൽ കൊമേർഷ്യൽ കമ്പനി നിയമത്തിൽ യു എ ഇ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ പ്രഖ്യാപിച്ച മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം, യു എ ഇയിലെ മെയിൻലാൻഡ് കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ്.
സമ്പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ പട്ടികയെക്കുറിച്ചുള്ള ഡിപ്പാർട്ട്‌മെന്റിന്റെ പ്രഖ്യാപനം കൂടുതൽ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനുള്ള ഷാർജയുടെ താൽപ്പര്യത്തെ സ്ഥിരീകരിക്കുന്നുവെന്നും അതിന്റെ മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്നും SEDD ചെയർമാൻ സുൽത്താൻ അബ്ദുള്ള അൽ സുവൈദി അറിയിച്ചു. ഈ ശ്രമങ്ങൾ ഷാർജയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, കൂടുതൽ പുതിയ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും സാമ്പത്തിക വികസനം നയിക്കുന്നതിനും സംഭാവന ചെയ്യുക, പ്രാദേശിക, ആഗോള നിക്ഷേപ ഭൂപടത്തിൽ എമിറേറ്റിന്റെ സ്ഥാനം വർദ്ധിപ്പിക്കുക, എന്നിങ്ങനെയുള്ള നേട്ടങ്ങൾക്ക് കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM